This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെപ്ലര്‍ സംവിധാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെപ്ലര്‍ സംവിധാനം

Kepler Laws

കെപ്ലറുടെ രണ്ടാം ഗ്രഹചലന നിയമം

ഗ്രഹങ്ങളുടെ ചലനത്തെയും സഞ്ചാരപഥങ്ങളെയും സംബന്ധിച്ച് യൊഹന്നാസ് കെപ്ലര്‍ (1571-1630) ആവിഷ്കരിച്ച മൂന്ന് നിയമങ്ങള്‍. ജ്യോതിശ്ശാസ്ത്രത്തില്‍ ആധുനിക ഖഗോള ബലതന്ത്രത്തിന് അടിത്തറപാകിയത് കെപ്ളറുടെ ഈ നിയമങ്ങളാണ്. ഡാനിഷ് വാനനിരീക്ഷകനായിരുന്ന ടൈക്കോ ബ്രാഹെ (1546-1601) യുമൊത്ത് കെപ്ളര്‍ ഒരു വര്‍ഷമേ പ്രേഗില്‍ പ്രവര്‍ത്തിച്ചുള്ളുവെങ്കിലും ദൂരദര്‍ശിനിയുടെ സഹായമില്ലാതെ അനേകം വര്‍ഷങ്ങളായി ബ്രാഹെ നടത്തിയ സൂക്ഷ്മതയാര്‍ന്ന വാനനിരീക്ഷണ വിവരങ്ങള്‍ അദ്ദേഹം മരണശയ്യയില്‍ വച്ച് കെപ്ലര്‍ക്ക് കൈമാറി. ചൊവ്വയുടെ ചലനം സംബന്ധിച്ച അനേകം വര്‍ഷത്തെ ദത്തങ്ങളായിരുന്നു ഇതില്‍ സര്‍വപ്രധാനം. കൃത്യതയുളള ആ നിരീക്ഷണങ്ങളും കെപ്ലറുടെ അപാരമായ ഗണിതപാടവവും ചേര്‍ന്നപ്പോള്‍ ഉരുത്തിരിഞ്ഞുവന്നതാണ് കെപ്ലറുടെ ഗ്രഹചലന നിയമങ്ങള്‍. 1609-ല്‍ അസ്ട്രോണമിയ നോവ എന്ന ഗ്രന്ഥത്തില്‍ ആദ്യത്തെ രണ്ടു നിയമങ്ങളും 1619-ല്‍ ഹാര്‍മോണിസ് മുണ്ടി എന്ന ഗ്രന്ഥത്തില്‍ മൂന്നാമത്തെ നിയമവും കെപ്ലര്‍ വിശദീകരിച്ചിട്ടുണ്ട്. നിയമങ്ങള്‍ ഇവയാണ്: 1. സൂര്യനെ നാഭീകേന്ദ്രമാക്കിയുള്ള ദീര്‍ഘവൃത്തീയപഥങ്ങളിലാണു ഗ്രഹങ്ങള്‍ ചലിക്കുന്നത്; 2. സൂര്യനില്‍ നിന്നു ഗ്രഹത്തിലേക്കുള്ള ആര സദിശം (radius vector) തുല്യമായ കാലയളവില്‍ തുല്യമായ വിസ്തീര്‍ണം (Area) വിരചിക്കുന്നു; 3. ഗ്രഹപരിക്രമണ (ആവര്‍ത്തന)കാലങ്ങളുടെ വര്‍ഗം (P2) സൂര്യനില്‍ നിന്ന് അവയിലേക്കുളള മാധ്യദൂരങ്ങളുടെ ത്രിഘാതത്തിന് (D3)അനുപാതമായിരിക്കും.

അതായത്, P2/D3 ഒരു സ്ഥിര സംഖ്യയായിരിക്കും.

സൂര്യനില്‍ നിന്നു ഭൂമിയിലേക്കുള്ള മാധ്യദൂരം 1 AU (Astronomical Unit) ആണെന്നു സങ്കല്പിച്ചാല്‍ അതിന്റെ നാലിരട്ടി ദൂരം അകലെ സ്ഥിതിചെയ്യുന്ന ഒരു ഗ്രഹത്തിന്റെ ആവര്‍ത്തനകാലം P = √43 = 8 വര്‍ഷം ആയിരിക്കും.

പ്രപഞ്ചസംവിധാനത്തെ സംബന്ധിച്ച് അന്നുവരെ നിലവിലിരുന്ന ആശയങ്ങളില്‍ നിന്നു സുപ്രധാനമായ പല വ്യത്യാസങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു കെപ്ലര്‍ പുലര്‍ത്തിയിരുന്ന പ്രപഞ്ചചിത്രം. ഒരു പക്ഷേ കോപ്പര്‍നിക്കസ് ആവിഷ്കരിച്ച പ്രപഞ്ചസംവിധാനത്തിന്റെ വിപുലീകരണമെന്ന് ഇതിനെ വിശേഷിപ്പിക്കാം. സൂര്യനെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഒരു പദ്ധതിയാണ് കെപ്ലര്‍ അംഗീകരിച്ചത്. വൃത്തമാണ് ചലനപഥത്തിന്റെ ഏറ്റവും ശുദ്ധമായ, പൂര്‍ണതയുള്ള രൂപമെന്നും അതുകൊണ്ട് ആകാശഗോളങ്ങളെല്ലാം വൃത്തപഥത്തിലാണ് സഞ്ചരിക്കുക എന്നുമുളള ധാരണയില്‍ നിന്ന് കോപ്പര്‍നിക്കസ് പോലും മോചിതനായിരുന്നില്ല. ഈ വിശ്വാസത്തെ തകര്‍ത്തുവെന്നതാണ് കെപ്ലറുടെ ഏറ്റവും ധീരമായ നേട്ടം. പ്രപഞ്ച രഹസ്യങ്ങള്‍ (Mysterium Cosmographycum) എന്ന തന്റെ തന്നെ ഗ്രന്ഥത്തില്‍ മുമ്പു വിവരിച്ച പ്രപഞ്ചചിത്രത്തില്‍ നിന്നുതികച്ചും വ്യത്യസ്തമായ ഒരു ചിത്രം ടൈക്കോ ബ്രാഹെയുടെ ചൊവ്വാനിരീക്ഷണ ദത്തങ്ങളിലൂടെ തെളിഞ്ഞുവന്നപ്പോള്‍ അത് സ്വീകരിക്കാനും ചൊവ്വയുടെ പഥം ദീര്‍ഘവൃത്തമാണെന്ന് പ്രഖ്യാപിക്കാനുമുള്ള ആര്‍ജവവും ശാസ്ത്രബോധവും കെപ്ലര്‍ പ്രകടിപ്പിച്ചു എന്നതാണ് അഭിനന്ദനീയമായ മറ്റൊരു പ്രധാന കാര്യം. പിന്നീട്, ടൈക്കോ ബ്രൊഹെ തന്നെ ശേഖരിച്ച, മറ്റു ഗ്രഹങ്ങളുടെ ദത്തങ്ങള്‍ പരിശോധിച്ച കെപ്ലര്‍ എല്ലാ ഗ്രഹങ്ങള്‍ക്കും ദീര്‍ഘവൃത്തപഥങ്ങള്‍ തന്നെയാണ് ഉള്ളതെന്ന് സ്ഥിരീകരിക്കുകയുണ്ടായി.

കെപ്ലര്‍ നിയമങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തിയത് സര്‍ ഐസക് ന്യൂട്ടന്‍ (1642-1727) ആണ്. ആ നിയമങ്ങളില്‍ നിന്ന് സാര്‍വത്രികഗുരുത്വാകര്‍ഷണ നിയമം (Universal Law of Gravitation) അദ്ദേഹം നിര്‍ദ്ധരിച്ചെടുത്തു. കൃത്രിമോപഗ്രഹങ്ങള്‍ക്കും ബാധകമാണ് കെപ്ലറുടെ നിയമങ്ങള്‍. ഭൂമിയെ കേന്ദ്രമാക്കി പരിക്രമണം ചെയ്യുന്ന ചന്ദ്രന്റെ ചലനവും കെപ്ളര്‍ നിയമങ്ങള്‍ക്കനുസൃതമാണ്. നോ: കെപ്ളര്‍, യൊഹന്നാസ്; ന്യൂട്ടന്‍, സര്‍ ഐസക്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍